ഐതിഹ്യങ്ങളിലെ ഭാർഗ്ഗവ ഭൂമി, ദൈവത്തിന്റെ സ്വന്തം നാട്, നമ്മുടെ കേരളം, ക്ഷേത്രങ്ങൾക്കും ക്ഷേത്ര ഐതീഹ്യങ്ങൾക്കും പ്രസിദ്ധമാണ്. ഇന്നാട്ടിലെ ഹിന്ദു സമൂഹത്തിന് ക്ഷേത്രങ്ങൾ വിശ്വാസത്തിന്റെ ശരണയിടം മാത്രമല്ല, നിത്യ ജീവിതത്തിന്റെ ഭാഗമായ പൈതൃക സമ്പത്തും അഭിമാനത്തിന്റെ സാംസ്കാരിക ചിഹ്നവും കൂടിയാണ്. ശ്രീശങ്കരാചാര്യരും, ചട്ടമ്പിസ്വാമികളും, ശ്രീനാരായണഗുരുവും ആചാരങ്ങൾക്കും വിശ്വാസ പ്രമാണങ്ങൾക്കുമെല്ലാം പുതിയ മാനങ്ങൾ പകർന്നതോടെ അതാതു ദേശങ്ങളിൽ പിൻതുടർന്ന ആചാരം, അനുഷ്ഠാനം എന്നിവ മലയാളനാടിന്റെസാംസ്കാരിക പാരമ്പര്യത്തിന്റെ പ്രതീകങ്ങളായി മാറി. തനതു ദേശത്തെ താന്ത്രികാധിഷ്ഠിതമായ പൂജാ നിഷ്ഠകളും വഴിപാടുകളും ആരാധനാ രീതികളും മാത്രമല്ല സോപാന സംഗീതവും, ഓട്ടൻതുള്ളൽ, കഥകളി, ചാക്യാർകൂത്ത് മുതലായ കലാ സപര്യകളും, ഇടക്ക, ചെണ്ട, പഞ്ചവാദ്യം, നാദസ്വരം, പാണ്ടിമേളം തുടങ്ങിയ വാദ്യങ്ങളും, തൃശ്ശുർപൂരം തുടങ്ങിയ അതാതു ദേശത്തെ വൈവിദ്ധ്യമാർന്ന ഉത്സവാദികളും ഈ ക്ഷേത്ര ആരാധനാ സമ്പ്രദായത്തെ സമ്പുഷ്ടമാക്കിയ വിസ്മയങ്ങളാണ്. ഈ പാരമ്പര്യം തലമുറ തലമുറയായി കാലാനുസൃതമായ ആവിഷ്കാര സ്വാതന്ത്ര്യങ്ങളോടു കൂടിയുള്ള മാറ്റങ്ങൾ ഉൾക്കൊണ്ട് കൈമാറി വന്നിട്ടുള്ളത് ഒരു സവിശേഷതയാണ്.
ക്ഷേത്രങ്ങൾ ജീവനാഡിയായ ഒരു ജനതയ്ക്കിടയിൽ വിശ്വാസത്തിന്റെ പ്രതീകങ്ങളായി ഇത്തരം 15000-ൽ അധികം ക്ഷേത്രങ്ങളാണ് കേരളത്തിലുടനീളം ഉള്ളത്. ഇവയിൽ ചിലത് സർക്കാർ നിയന്ത്രണത്തിലുള്ള ദേവസ്വം ബോർഡുകളുടെയും മറ്റു ചിലത് സ്വകാര്യ ട്രസ്റ്റുകളുടെയോ കുടുംബാംഗങ്ങളുടേയോ നിയന്ത്രണത്തിലുള്ളവയാണ്.
1950-ലെ തിരുവിതാംകൂർ – കൊച്ചി ഹിന്ദുമത സ്ഥാപന നിയമപ്രകാരം സ്വകാര്യക്ഷേത്രങ്ങൾ ഒഴികെയുള്ളവയുടെയെല്ലാം ചുമതല സംസ്ഥാന സർക്കാരിനാണ്. സർക്കാർ നിയമിക്കുന്ന ദേവസ്വം ബോർഡുകൾക്കും ഉദ്യോഗസ്ഥർക്കുമാണ് ഇത്തരം ക്ഷേത്രങ്ങളുടെ നടത്തിപ്പ് ചുമതല. തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിൽ 1248, കൊച്ചി ദേവസ്വം ബോർഡിനു കീഴിൽ 400, മലബാർ ദേവസ്വം ബോർഡിന് കീഴിൽ 1600, ഗുരുവായൂർ ദേവസ്വം മാനേജിംഗ് കമ്മിറ്റിക്ക് കീഴിൽ 10, കൂടൽ മാണിക്യം ദേവസ്വം മാനേജിംഗ് കമ്മിറ്റിക്ക് കീഴിൽ ഒന്ന് എന്നിങ്ങനെയാണ് ക്ഷേത്രങ്ങൾ ഉള്ളത്. ഇവിടങ്ങളിലേക്കുള്ള ക്ഷേത്ര ജീവനക്കാരെ അതാത് ദേവസ്വവുമായി ബന്ധപ്പെട്ട നിയമങ്ങൾക്ക് വിധേയമായി ദേവസ്വം ബോർഡുകൾ നിയമിക്കുകയായിരുന്നു പതിവ്. തിരുവിതാംകൂർ ദേവസ്വം ബോർഡ് നിയമനങ്ങളുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയിലെത്തിയതോടെയാണ് ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡ് രൂപീകരണത്തിനു കളമൊരുങ്ങുന്നത്. കേസുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണത്തിന് 2007-ൽ അന്നത്തെ ഹൈക്കോടതി ചീഫ് ജസ്റ്റീസ്. വി.കെ. ബാലി ഒരു മുന്നംഗ ഉന്നതാധികാര സമിതിയെ നിയമിച്ചു. സൂപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റീസ് കെ. എസ്. പരിപൂർണ്ണൻ അധ്യക്ഷനായ സമിതി ഇത് സംബന്ധിച്ച് വിശദമായ പഠനം നടത്തുകയും നിയമനങ്ങൾ സുതാര്യമാക്കുന്നതിനായി ഹൈക്കോടതിയിൽ നിന്നു വിരമിച്ച ജഡ്ജിയോ, ഒരു ഉന്നത ഉദ്യോഗസ്ഥനോ അധ്യക്ഷനായ ഒരു റിക്രൂട്ട്മെന്റ് ബോർഡ് സ്ഥാപിക്കണമെന്ന് റിപ്പോർട്ട് നൽകി. ഇതിനനുസൃതമായി 2014-ൽ സംസ്ഥാന ഗവൺമെൻറ് ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡ് ഓർഡിനൻസ് വിജ്ഞാപനം ചെയ്യുകയും ചെയർമാനെയും 5 അംഗങ്ങളെയും നിയമിച്ചുകൊണ്ട് കേരള ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡ് രൂപീകരിക്കുകയും ചെയ്തു. 2015-ൽ ഓർഡിനൻസ് ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡ് ആക്ടായി നിയമമാകുകയും ചെയ്തു.2016 ലെ കേരള ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡ് (ഭേദഗതി) ആക്ട് പ്രകാരം റിക്രൂട്ട്മെൻറ് ബോര്‍ഡിന്റെ അംഗസംഖ്യ 6-ല്‍ നിന്നും 3– ആയി ചുരുക്കി പുതിയ ബോര്‍ഡ് പുന:സംഘടിപ്പിക്കുകയും പുതിയ ബോര്‍ഡ് 2016 ഡിസംബര്‍ 24 ന് ചുമതലയേല്‍ക്കുകയും ചെയ്യ്തു.
വിവിധ ദേവസ്വം ബോർഡുകളിലേക്കാവശ്യമായ പരമ്പരാഗത തസ്തികകൾ ഒഴികെയുള്ള പൂജാരി, ക്ഷേത്രാനുബന്ധകലാകാരൻമാർ, മറ്റു അനുബന്ധ ജീവനക്കാർ തുടങ്ങിയ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനായി സെലക്ട് ലിസ്റ്റ് തയ്യാറാക്കുക, സെലക്ഷന് പോസ്റ്റുകളിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്നത്തിനുള്ള ഡിപ്പാര്‍ട്ട്മെന്റൽ പ്രമോഷന് കമ്മിറ്റികൾ രൂപീകരിച്ച് അവയ്ക്ക് നേതൃത്വംനല്കുക തുടങ്ങിയവയാണ്റിക്രൂട്ട്മെൻറ് ബോർഡിന്റെ ചുമതലകൾ.